അഹമ്മദാബാദ്: യാത്രക്കാരേയും വിമാന ജീവനക്കാരെയും 'കഷ്ടപ്പെടുത്തി' വിമാനത്തിനുള്ളില്‍ പ്രാവുകള്‍. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകള്‍ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

പ്രാവുകള്‍ വിമാനത്തിനകത്ത് പറന്ന് യാത്രക്കാരേയും വിമാന ജീവനക്കാരെയും ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് വിമാനം അരമണിക്കൂറോളം വൈകി. വിമാന ജീവനക്കാരെയും യാത്രക്കാരും ഒരുമിച്ച് ശ്രമിച്ചതിനു പിന്നാലെ പ്രാവുകളെ പുറത്താക്കി വിമാനം യാത്ര ആരംഭിച്ചു. പുറപ്പെടാന്‍ വൈകിയതില്‍ ഗോ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു. 

അതിനിടെ വിമാനത്തിനുള്ളിലെ പ്രാവിന്റെ വീഡിയോ യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് രസകരമായ കമന്റുകളുമുണ്ട്. പ്രാവിന് ബോര്‍ഡിങ് പാസ് ഉണ്ടോ എന്ന് പരിശോധിക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. പ്രാവിന് പോലും വിമാനത്തില്‍ കയറാം, പക്ഷെ കുണാല്‍ കമ്രയ്ക്ക് ഇപ്പോളും വിമാനയാത്ര പറ്റില്ലെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. 

Content Highlights: Two Pigeon Inside Go Air, Flight delayed