ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിടികൂടിയ പാകിസ്താന്‍ ചാരന്മാര്‍ സൈനികരെയും സൈനിക ഉപകരണങ്ങളെയും വഹിച്ചു കൊണ്ടുള്ള തീവണ്ടികള്‍ നിരീക്ഷിച്ചിരുന്നുവെന്ന് വിവരം. 

ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് ചാര പ്രവൃത്തിക്ക് പിടികൂടപ്പെട്ട ആബിദ് ഹുസ്സൈനും താഹിര്‍ ഖാനും.ഇവരെ പിടികൂടി ചോദ്യം ചെയ്ത ശേഷം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിഗുരുതരമായ ചാരപ്രവൃത്തിയാണ് ഇവർ നടത്തിയിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

തിങ്കളാഴ്ച രാത്രി അവര്‍ ഇന്ത്യ വിട്ടതായി എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഞയറാഴ്ചയാണ് ഇരുവരെയും ഡല്‍ഹി പോലീസ് പിടികൂടിയത്. ഇവര്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വ്യാജരേഖകള്‍ ഇതിനായി ഉപയോഗിച്ചെന്നും  വ്യക്തമായിട്ടുണ്ട്.

പ്രധാന സംഘടനകളിലും വകുപ്പുകളിലും ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാട്ടിലാക്കാന്‍ ആബിദ് ഹുസൈന്‍ നിരവധി വ്യാജ ഐഡന്റിറ്റികള്‍ സ്വീകരിച്ചു പോന്നിരുന്നതായും രഹസ്യ റിപ്പോര്‍ട്ടുകളുണ്ട്.

പത്രപ്രവര്‍ത്തകന്റെ സഹോദരനാണെന്ന് നടിച്ചും ഗൗതം എന്ന വ്യാജനാമം ഉപയോഗിച്ചും ഇന്ത്യന്‍ റെയില്‍വേയുമായി സമ്പർക്കം പുലർത്താൻ ഇവരിലൊരാള്‍  ശ്രമിച്ചിരുന്നു.

റെയില്‍വേ ഉദ്യോഗസ്ഥരെ സമീപിച്ച് ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ഒരു വാര്‍ത്ത സഹോദരനായ പത്രപ്രവര്‍ത്തകന്‍ തയ്യാറാക്കുന്നുണ്ടെന്നും തീവണ്ടികളുടെ സര്‍വ്വീസുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ആബിദ് ഹുസ്സൈന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഉദ്യോഗസ്ഥരിലൂടെ സൈനികരും ഉപകരണങ്ങളും വഹിക്കുന്ന ഇന്ത്യന്‍ ട്രെയിനുകളെക്കുറിച്ച് കഴിയുന്നത്ര രഹസ്യ വിവരം ശേഖരിക്കാന്‍ ആബിദ് ഹുസൈന്‍ പദ്ധതിയിട്ടു.

നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് രണ്ട് പേരെയും നയതന്ത്രതലത്തില്‍ അയോഗ്യത കല്‍പിച്ച്  ഇന്ത്യ പുറത്താക്കിയതായി വിദേശ കാര്യ മന്ത്രാലയവും പിന്നീട്  അറിയിച്ചു.

നയതന്ത്ര ദൗത്യത്തിലെ ഒരു അംഗവും ഇന്ത്യയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും അവരുടെ നയതന്ത്ര നിലയുമായി പൊരുത്തപ്പെടാത്ത രീതിയില്‍ പെരുമാറരുതെന്നും പാക്കിസ്ഥാന്റെ സിഡിഎയോട്  വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

content highlights: Two Pak Spys Tried To Infiltrate Monitor Troops, Equipments and Railways