ന്യൂഡൽഹി: സൈബര്‍ തട്ടിപ്പിനെയും തീവ്രവാദവത്കരണത്തെയും നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ രണ്ട് വിഭാഗങ്ങള്‍ രൂപവത്കരിച്ചു.

കൗണ്ടര്‍ ടെററിസം ആന്റ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍(സിടിസിആര്‍), സൈബര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി(സിഐഎസ്) എന്നീ രണ്ട് വിഭാഗങ്ങളാണ് രൂപവത്കരിച്ചത്.

മതമൗലികവാദത്തെ ചെറുക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങളെ തടയാനും  പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സിടിസിആര്‍ ലക്ഷ്യം വെക്കുന്നത്.

'ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ മതമൗലികവാദം വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും കൂടുന്നു, ഈ സാഹചര്യത്തിലാണ്  സിടിസിആറിന്റെ ആവശ്യകത ഏറുന്നത്', അധികൃതര്‍ പറയുന്നു.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും ഭീഷണികളും ഹാക്കിങ് പോലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും നിരീക്ഷിക്കാനും ഇവയ്‌ക്കെതിരെ പോരാടാനുള്ള വഴികള്‍ കണ്ടെത്താനുമാണ് സിഐഎസ് രൂപവത്കരിച്ചിരിക്കുന്നത്.

നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഐഎസ(ഇന്റര്‍ണല്‍ സെക്യൂരിറ്റി)1,2,3 എന്നീ മൂന്ന് വിഭാഗങ്ങളാണുള്ളത്.