ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ രണ്ട് ബില്ലുകള്‍ കൂടി പാസാക്കി ലോക്‌സഭ. എയര്‍പോര്‍ട്‌സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബില്‍, ഉള്‍നാടന്‍ ജലഗതാഗത ബില്‍ എന്നിവയാണ് ലോക്‌സഭ ഇന്ന് പാസാക്കിയത്.

രാജ്യത്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിമാനയാത്ര സാധ്യമാക്കുകയെന്നതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ബില്‍ അവതരിപ്പിച്ച വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറിയ നഗരങ്ങളില്‍ നിന്ന് പോലും വിമാനസര്‍വീസുകള്‍ ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉള്‍നാടന്‍ ജലഗതാഗതം സംബന്ധിച്ച നിയമങ്ങളില്‍ ഏകീകരണമുണ്ടാക്കുന്നതിനാണ് രണ്ടാമത്തെ ബില്‍ പാസാക്കിയതെന്ന് മന്ത്രി സര്‍ബാനന്ദ സൊണാവല്‍ പറഞ്ഞു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: two more bills passed in Loksabha without debate