ഗുവാഹത്തി: അസമിലെ ദാരംഗില്‍ കുടിയേറ്റമൊഴിപ്പിക്കലിനിടെ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. വെടിവെപ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയതിനാലാണ് അടിച്ചമര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

തിങ്കളാഴ്ച ദോല്‍പുറില്‍ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. പരിക്കേറ്റ പ്രതിഷേധക്കാരെയും പോലീസുകാരെയും ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് സൂപ്രണ്ട് സുഷാന്ത ശര്‍മ്മ പറഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ തന്നെ വടിയുമായി തല്ലാനോടിച്ചതിലെ പ്രതികാരമായിരുന്നു ഫോട്ടോഗ്രാഫര്‍. 

ബിജോയ് ബനിയ എന്നയാളാണ് ഫോട്ടോഗ്രാഫര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാരനെ നിലത്തിട്ട് ചവിട്ടിയ ഇയാളെ പോലീസാണ് പിന്തിരിപ്പിച്ചത്. സര്‍ക്കാരിന്റെ ഒരു കാര്‍ഷിക പദ്ധതിക്കായി 2800 ഏക്കറോളം സ്ഥലമാണ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ ആക്രമണത്തിലേക്ക് തിരിയുകയായിരുന്നുവെന്നുമാണ് പോലീസ് വാദം.

ജൂണില്‍ തന്നെ അനധികൃതമായി കുടിയേറ്റം നടത്തിയവര്‍ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം അസമില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വെടിവെപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആക്രമണത്തിനിരയായവര്‍ക്കൊപ്പമാണ് താനെന്നും ഇന്ത്യയുടെ ഒരു പൗരനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടുള്ളതല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Content Highlights: two killed and nine policemen injured in Assam protests