പട്‌ന:  പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത കൗമാരക്കാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍. ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ നാഗേഷ് സാമ്രാട്ട്, വിക്‌സ് കുമാര്‍ എന്നിവരടക്കമുള്ളവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് മഹ്‌തോ, ഛോട്ടു മഹ്‌തോ, സനോജ് മഹ്‌തോ, റെയ്‌സ് പാസ്വാന്‍ എന്നിവരാണ് കൊലപാതകക്കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍.

ബാഗ് തുന്നല്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന അമീര്‍ ഹന്‍സ്ല എന്ന് പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 21ന് ആര്‍.ജി.ഡി നടത്തിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുന്ന അമീര്‍ ഹന്‍സ്‌ലയെ 10 ദിവസത്തിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് പുറത്തുപോകാന്‍ അമീര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചിരുന്നു. ഇഷ്ടികയും മറ്റ് മൂര്‍ച്ചയില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് അമീര്‍ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റതും ശരീരത്തില്‍ രണ്ട് മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: Two Hindu Fringe Group Members Charged in Teenager's Murder in Bihar During Citizenship Law Protests