ലക്‌നൗ: ഝാന്‍സിയില്‍ തീവണ്ടിയിൽ കന്യാസ്ത്രീകള്‍ക്ക് നേരെ അക്രമമുണ്ടായ സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ഇവര്‍ വി.എച്ച്.പി, ഹിന്ദു ജാഗ്രന്‍ മഞ്ച്  പ്രവര്‍ത്തകരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തിരുഹൃദയ  സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ മലയാളി അടക്കമുള്ള  നാല് കന്യാസ്ത്രീകള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേര്‍ സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്‍ ഒപ്പമുള്ള രണ്ട് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ്  ആക്രമണത്തിന് ചിലര്‍ ശ്രമിച്ചത്. തീവണ്ടിയില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു.

അന്‍ചല്‍ അര്‍ജരിയ, പര്‍ഗേഷ് അമരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ജരിയയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇയാള്‍ വി.എച്ച്.പി, ഹിന്ദു ജാഗ്രന്‍ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവര്‍ത്തകനാണെന്ന് ചേര്‍ത്തിട്ടുണ്ട്. സമാധാന ലംഘനത്തിന് ഇരുവരുടെയും പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നും ഝാന്‍സി ജില്ല മജിസ്‌ട്രേറ്റ് ആന്ദ്ര വംസി പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പിടിയിലായവര്‍ കന്യാസ്ത്രീകളോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരല്ലെന്നും എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു. 

അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്താ പ്രധാന്യം നേടിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ സംഭവത്തില്‍ തെറ്റുകാരായ ആളുകള്‍ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.

Content Highlights: Two held for role in forcing nuns off train