ന്യൂഡല്‍ഹി: ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളില്‍ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡ്രോണുകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ സൈനികര്‍ അവയ്ക്ക് നേരെ വെടിയുതിര്‍ത്തു. 

ജമ്മു-പത്താന്‍കോട്ട് ദേശീയപാതയില്‍ കാലൂചക്-പുര്‍മണ്ഡല്‍ റോഡില്‍ കാലൂചക് സൈനിക കേന്ദ്രത്തിന് സമീപം രണ്ട് ക്വാഡ്‌കോപ്ടറുകള്‍ ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു. ഡ്രോണുകള്‍ക്ക് നേരെ സൈനികോദ്യോഗസ്ഥര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. എന്നാല്‍ ഡ്രോണുകള്‍ ഇരുളിലേക്ക് നീങ്ങി മറഞ്ഞതായാണ് വിവരം. 

ഇതേ തുടര്‍ന്ന് ജമ്മുവില്‍, പ്രത്യേകിച്ച് സൈനികആസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഡ്രോണുപയോഗിച്ച് ഭീകരര്‍ സ്‌ഫോടനം നടത്തിയിരുന്നു. പുല്‍വാമയിലെ ഒരു എസ്പിഒ ഉദ്യോഗസ്ഥനും ഭാര്യയും ഭീകരരുടെ വെടിവെപ്പില്‍ മരിക്കുകയും ചെയ്തു.  

 

Content Highlights: Two drones spotted at Kaluchak military camp in Jammu military stations on high alert