പനാജി: ഗോവയിലെ പ്രശസ്തമായ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. നോര്‍ത്ത് ഗോവയിലെ വാകത്തോര്‍ ബീച്ചിലെ ഫെസ്റ്റിവല്‍ വേദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

ആന്ധ്രപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട്ട് എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വേദിയിലേക്ക് പ്രവേശിക്കാനായി ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അതേസമയം, അമിതമായി ലഹരി ഉപയോഗിച്ചതാണ് യുവാക്കളുടെ മരണകാരണമെന്ന് സംശയമുണ്ട്. എന്നാല്‍ ഇതുവരെ മരണകാരണം കണ്ടെത്തിയിട്ടില്ലെന്നും ഹൃദയാഘാതമോ അമിതമായ ലഹരി ഉപയോഗമോ മരണകാരണമാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.  

Content Highlights: two died after collapsing in goa sunburn festival 2019 venue in goa