ന്യൂഡല്‍ഹി : രാജ്യത്തൊട്ടാകെ കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് 'ഡ്രൈ റണ്‍' നടത്തും. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക.
ഓരോ സംസ്ഥാനത്തും രണ്ടുവീതം ജില്ലകളില്‍, ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ച് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമായിട്ടാണ് ഡ്രൈ റണ്‍.
വാക്‌സിന്‍ വിതരണസമയത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി നടത്തും. വാക്‌സിന്‍ വിതരണപ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള പാളിച്ചകളും മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കല്‍, വിശകലനം എന്നീ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
വാക്‌സിന്‍ വിതരണപ്രക്രിയയില്‍ പലപ്പോഴും സംഭവിക്കാറുള്ളത് മരുന്നുവിതരണ ശൃംഖലയിലെ ശീതികരണസംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാവുന്നതാണ്. വിദൂരപ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതും ആരോഗ്യപ്രവര്‍ത്തകരില്‍ വിവരശേഖരണം മുതല്‍ ഡാറ്റ എന്‍ട്രി വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തെറ്റുസംഭവിക്കുന്നതും പതിവാണ്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് ഡ്രൈ റണ്‍. ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വിതരണ കേന്ദ്രങ്ങളിലെത്തുന്നവരെ നിയന്ത്രിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയിലടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. രോഗപ്രതിരോധ കുത്തിവെപ്പിനിടെ ഉണ്ടാകാവുന്ന പ്രതികൂല സാഹചര്യങ്ങളെയെല്ലാം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡ്രൈ റണ്‍
കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം വാക്‌സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. വാക്‌സിന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നതുമുതല്‍ ശീതികരണവും വിതരണവും വിവരങ്ങളുടെ കൈമാറ്റവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കോവാക്‌സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതല്‍ വാക്‌സിന്‍ രശീതു നല്‍കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍, മരുന്നുവേണ്ടവരുടെ റിപ്പോര്‍ട്ടിങ്, ആരോഗ്യപ്രവര്‍ത്തകരുടെ വൈകുന്നേരത്തെ വിലയിരുത്തല്‍ യോഗം വരെയുള്ളതെല്ലാം ഡ്രൈ റണ്ണിന്റെ ഭാഗമായി ഉണ്ടാകും.
ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 279 പേര്‍ മരിച്ചു. 21,131 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ഇതുവരെയായി 1.02 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2.77 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
97.82 ലക്ഷം പേര്‍ രോഗമുക്തി നേടി. 1,47,901 പേര്‍ ഇതിനോടകം കോവിഡ് ബാധിതരായി മരിച്ചു.
content highlights: Two-Day Coronavirus Vaccine Dry Run Starts In Four States Today