ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ ബര്‍സുള്ളയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു ചായക്കടയിൽ നില്‍ക്കുകയായിരുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ ഭീകരൻ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഭീകര സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണത്തിന്റെ ഉത്തരാവദിത്വം ഏറ്റെടുത്തത്. മാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭീകര സംഘടന രൂപീകരിച്ചത്. പാക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ മറ്റൊരു വിഭാഗിമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകരര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

12 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ നടന്ന ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരവിരുദ്ധ സേനയും സൈന്യവും ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി.

Content Highlight: Two cops martyred as terrorists attack in Srinagar