ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജ(ഏഴ്) പ്രിന്‍സ്(ആറ്) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ശിവപുരിയില്‍ രാത്‌ഗേദ ഗ്രാമത്തിലായിരുന്നു അപകടം. 

ശൗചാലയത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്. ഇതിനെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. എച്ച്.പി. വര്‍മ്മ അറിയിച്ചു. 

വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമത്തിലെ ശൗചാലയങ്ങളെല്ലാം ഉപയോഗശൂന്യമാണെന്ന് പ്രദേശവാസിയായ കോത്വാര്‍ രാംസിങ് പറഞ്ഞു. ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായതിനാല്‍ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മല-മൂത്ര വിസര്‍ജനം നടക്കുന്നതെന്നും രാംസിങ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സംഭവത്തില്‍ കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപി സര്‍ക്കാരാണ് കുറ്റക്കാരെന്ന് കോണ്‍ഗ്രസ് എംഎല്‍എ പൊഹാരി സുരേഷ് ആരോപിച്ചു. കഴിഞ്ഞ 15 വര്‍ഷം ബിജെപിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണത്തിലെന്നും അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു. അപകടമുണ്ടായ ശൗചാലയങ്ങള്‍ തന്റെ കാലയളവില്‍ നിര്‍മിച്ചതല്ലെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള വില്ലേജ് അസിസ്റ്റന്റ് സെക്രട്ടറിയുടെ പ്രതികരണം. 

Content Highlights: two children died after toilet wall collapsed;toilet was constructed under swachh bharat mission