ആല്‍വാര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജസ്ഥാന്‍ ബി.ജെ.പിയിലെ കലാപം രൂക്ഷമാവുന്നു. ആല്‍വാറില്‍ കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെ ഗൗരവ് യാത്രക്കിടെ മുഖ്യമന്ത്രിയെ സാക്ഷിയാക്കി വേദിയില്‍ ബി.ജെ.പി നേതാക്കന്‍മാര്‍ തമ്മിലടിച്ചു. ഇതിന്റെ വീഡിയെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു.

രോഹിതാഷ് ശര്‍മ, ദേവി സിങ് ഷഖാവത് എന്നീ നേതാക്കന്മാരാണ് മുഖ്യമന്ത്രി വസുന്ധര രാജെയെയും നൂറുകണക്കിന് അണികളെയും സാക്ഷിയാക്കി തമ്മില്‍ തല്ലിയത്. മുഖ്യമന്ത്രി നയിക്കുന്ന ഗൗരവ് യാത്രയുടെ സ്വീകരണ വേദിയിലാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. 

പരിപാടിക്കിടെ രോഹിതാഷ് ശര്‍മ, ദേവി സിങ് ഷഖാവത് എന്നിവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. മറ്റ് നേതാക്കള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായി വസുന്ധര രാജെ നടത്തുന്ന ഗൗരവ് യാത്രയും തുടക്കം മുതലേ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാര്‍ട്ടിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

40 ദിവസം നീളുന്ന യാത്രയില്‍ ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ നടത്തരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ 165 നിയമസഭാ മണ്ഡലങ്ങളിലൂടെ മുന്നേറുന്ന യാത്ര ആകെ 6054 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുക.

അതേസമയം വസുന്ധര രാജെയുടെ ഗൗരവ് യാത്രക്ക് മറുപടിയായി സ്വാഭിമാന്‍ യാത്ര നടത്തുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയോട് ഇടഞ്ഞു നിന്നിരുന്ന മാനവേന്ദ്ര സിങ് കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചത്.

content highlights: Two BJP leaders entered into a scuffle in the presence of Rajasthan Chief Minister