ന്യൂഡല്‍ഹി: നിരവധി പേര്‍ മരിച്ചുവീണ ഒരു കലാപത്തില്‍ മുടി വെട്ടി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന രണ്ട് പേര്‍ ആശ്വാസവും രക്ഷകരുമായ കഥയാണ് ഡല്‍ഹിയിലെ മുസ്താഫാബാദിലെ മുഹമ്മദ് ഷഹാസിനും സഹായി വാസിമിനും പറയാനുണ്ടായിരുന്നത്. 2020 ഫെബ്രുവരി 24 മറ്റേതൊരു ദിവസം പോലെയായിരുന്നു ഇരുവര്‍ക്കും തൊട്ടടുത്തുള്ള അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ കോള്‍ വരുന്നത് വരെ. 

ഡോക്ടറുടെ ഫോണ്‍ വന്നപ്പോഴും ഷഹാസിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എത്രയോ തവണ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികളുടെ തലമുടി നീക്കം ചെയ്യാനായി ആശുപത്രിയില്‍ പോയിരിക്കുന്നു. ആ മുന്‍വിധിയോടെയാണ് ഷഹാസ് വാസിമിനെ കൂട്ടി അല്‍ഹിന്ദിലെത്തിയത്. എന്നാല്‍ അവിടെ കണ്ട കാഴ്ചകള്‍ ഹൃദയഭേദഗമായിരുന്നു. ചോരയൊലിയ്ക്കുന്ന തലകളായിരുന്നു ഇരുവര്‍ക്കും ഷേവ് ചെയ്യേണ്ടിവന്നത്. ഒരോരുത്തരെയായി മുടി നീക്കം ചെയ്ത് ഇരുവരും ഡോക്ടറെ സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍  അല്‍പ സമയത്തിനുള്ളില്‍ ആശുപത്രി ചോരയൊലിക്കുന്ന നിരവധി പേരെകൊണ്ട് നിറഞ്ഞു. മറ്റുവഴികളൊന്നും ഇല്ലാതായാപ്പോള്‍ ബാര്‍ബറിന്റെ കുപ്പായം ഊരിവെച്ച് ഇരുവരും ആതുര ശുശ്രൂഷകരായി. അല്‍ഹിന്ദിലെ ഡോക്ടര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു പരിക്കേറ്റവരുടെ എണ്ണം. തങ്ങളെകൊണ്ട് കഴിയുന്ന പോലെ മുറിവുകള്‍ വെച്ച് കെട്ടിയും മറ്റും ഇരുവരും ഡോക്ടര്‍മാരെ സഹായിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ വെടിയേറ്റവരെ പോലും ഈ ആശുപത്രിയിലേക്കാണ് എത്തിച്ചുകൊണ്ടിരുന്നു.

വെറും മൂന്ന് ഡോക്ടര്‍മാരും മൂന്ന് നാല് നഴ്‌സുമാരും വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ് അല്‍ഹിന്ദിലുണ്ടായിരുന്നത്.  ഇതിനിടയില്‍ പ്രഥമിക ശുശ്രൂഷ നല്‍കേണ്ട വിധം ഡോക്ടര്‍മാര്‍ ഇരുവരെയും പഠിപ്പിച്ചിരുന്നു. 

നേരം പുലരുവോളം ആ ബാര്‍ബര്‍മാര്‍ കലാപബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. 500 ല്‍ അധികം പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. ചില്ലി കാശ് വാങ്ങാതെയാണ് ആശുപത്രി കലാപത്തില്‍ അപകടമേറ്റവരെ ചികിത്സിച്ചത്. സമീപത്തെ ഫാര്‍മസികളും ആശുപത്രിയ്ക്ക് പിന്തുണയുമായെത്തി നേരെ പുലരുവോളം മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നു. 

കലാപം അവസാനിച്ചതിനു ശേഷമാണ് ആംബുലന്‍സുകള്‍ പ്രദേശത്ത് എത്താന്‍ തുടങ്ങിയതെന്നും കൃത്യസമയത്ത് ആംബുലന്‍സുകള്‍ എത്തിയിരുന്നെങ്കില്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അല്‍ ഹിന്ദ് ഹെഡ് ഫിസിഷ്യനും ഡയറക്ടറുമായ ഡോ. എം.എ അന്‍വര്‍ പറഞ്ഞു. ഒപ്പം കൈത്താങ്ങായ ഷഹാസിനും വാസിമിനും ഡോക്ടര്‍ നന്ദിയും പറഞ്ഞു. മുടിവെട്ടാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത തങ്ങള്‍ക്ക് നിരവധി പേരുടെ ജിവന്‍ രക്ഷിക്കാനായല്ലോ എന്ന ആശ്വാസത്തിലാണ് ഷഹാസും വാസിമും. 

കടപ്പാട് : www.news18.com

Content Highlight: Two Barbers Helped hundreds in Delhi riots