മടിക്കേരി: ടിപ്പു ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന അക്രമത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിദ്ദാപുര്‍ അരേക്കാട് സ്വദേശി ഖാലിദ്, ഹുഡികേരി സ്വദേശി അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ പത്തിന് കുടകില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധ സമരം നടത്തുന്നതിനിടെയാണ് വി.എച്ച്.പി. പ്രാദേശിക നേതാവായ ഡി.എസ്. കുട്ടപ്പ കല്ലേറില്‍ കൊല്ലപ്പെട്ടത്.