മേട്ടുപ്പാളയം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ രണ്ട് വാഹനാപകടങ്ങള്‍. ആദ്യത്തെ അപകടത്തില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍പ്പെട്ടവരുടെ ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അല്‍പ്പനേരം ഗതാഗതക്കുരുക്കുണ്ടായി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബലന്‍സാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. അപകടത്തില്‍പ്പെട്ട വാഹനം മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതിനെ തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയ ശേഷം വിലാപയാത്ര തുടരുകയാണ്. 

സൈനികരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് എന്തെങ്കിലും കേട് സംഭവിച്ചാല്‍ പകരം ഉപയോഗിക്കുന്നതിന് ആറോളം ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. ഇതില്‍ ഒന്നിലേക്കാണ് സൈനികന്റെ മൃതദേഹം മാറ്റി വിലാപ യാത്ര തുടരുന്നത്. സുലൂര്‍ മുതല്‍ വഴിയരികില്‍ കാത്തുനിന്ന ജനക്കൂട്ടം പുഷ്പാര്‍ച്ചന നടത്തിയും ദേശീയപതാക വീശിയും ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.

Content Highlights: two accidents during Mourning procession at mettupaalayam