ന്യൂഡൽഹി: ഡൽഹി പീഡനക്കേസുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. ഡൽഹിയിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ ബന്ധുക്കളെ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് ട്വിറ്റർ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ് നീക്കം ചെയ്തത്.

നിയമം അനുസരിച്ച് ഇരയുടേയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കുറ്റകരമാണ്. രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്തിത്വം വെളിവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റ് നീക്കം ചെയ്തത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടുവെന്നും ഇതിന് ശേഷമാണ് ബാലാവകാശ കമ്മീഷൻ നടപടിയെടുത്തതെന്നും എൻ.സി.പി.സി.ആർ കമ്മീഷൻ ചെയർ പേഴ്സൺ പ്രിയങ്ക് കനൂങ്ങോ പറഞ്ഞു.

ഡൽഹി കന്റോൺമെന്റിലെ പൊതു ടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.  ഇതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധങ്ങളുയർന്നിരുന്നു. 

സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മാതിപിതാക്കളെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. 

Content Highlights: Twitter Takes Down Rahul Gandhi’s Tweet That Revealed Identity of Victim’s Relatives