ന്യൂഡല്‍ഹി: പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി കോര്‍ത്ത് നില്‍ക്കുന്ന ട്വിറ്റര്‍ പുതിയ വിവാദത്തില്‍. ട്വിറ്ററിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകശ്മീരും ലഡാക്കും വേറെ രാജ്യമാണ്‌. പുതിയ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ ട്വിറ്റര്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സൂചന.

ട്വിറ്ററിന്റെ 'ട്വീപ് ലൈഫ്' വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ ഭൂപടം നല്‍കിയതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ട്വിറ്ററിനെതിരെ കേന്ദ്രം കടുത്ത നടപടികള്‍ ആലോചിച്ച് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനില്‍ ട്വിറ്റര്‍ ചൈനയുടെ ഭാഗമായി കാണിച്ചതില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പറിയിച്ച് ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിന്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട്‌ ട്വിറ്ററുമായി കേന്ദ്രം കൊമ്പുകോര്‍ത്ത് വരുന്നതിനിടെയാണ് പുതിയ പ്രകോപനം എന്നതും ശ്രദ്ധേയമാണ്.