ന്യൂഡല്‍ഹി: പുതിയ ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനോട് സാവകാശം തേടിയതായി റിപ്പോര്‍ട്ട്. പുതിയ ചട്ടങ്ങള്‍ അനുസരിക്കാന്‍ ഒരുക്കമാണെന്നും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങള്‍ക്ക് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിച്ച് ഐടി മന്ത്രാലയത്തിന് കമ്പനി കത്തയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന കാര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചതായും ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കമ്പനി പ്രതിഞ്ജാബദ്ധമാണെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. കമ്പനിയുടെ വിശ്വസ്തത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സര്‍ക്കാരില്‍ നിന്ന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് അനുകൂലനീക്കമുണ്ടായിരിക്കുന്നത്. 

 ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് കാലികവും സുതാര്യവുമായ ഒരു സാമൂഹികമാധ്യമവേദി ഉറപ്പുനല്‍കാന്‍ തയ്യാറാകാത്തതില്‍ വിവരസാങ്കേതിക മന്ത്രാലയം ട്വിറ്ററിനെ വിമര്‍ശിക്കുകയും ചെയ്തു. 

രാജ്യത്തെ ക്രമസമാധാനനിലയെ ബാധിക്കുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തില്‍ സാമൂഹികമാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് പുതുക്കിയ ഐടി ചട്ടങ്ങള്‍ കഴിഞ്ഞമാസം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. 

മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിന് കഴിഞ്ഞയാഴ്ച നല്‍കിയ നോട്ടീസില്‍ കൃത്യമായ തീയതി സര്‍ക്കാര്‍ രേഖപ്പെടുത്തിയിരുന്നില്ല. 

Content Highlights: Twitter Says Will Comply With New Digital Rules, Need Time Report