ന്യൂഡല്‍ഹി: ട്വിറ്റിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു  വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ സംബന്ധിച്ച് യുപി പോലീസ് സമന്‍സ് അയച്ചതിന് പിന്നാലെയാണിത്.

ഇന്ന് ഗാസിയാബാദ് ലോണി ബോര്‍ഡര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനായിരുന്നു ട്വിറ്റര്‍ എംഡിക്ക് ലഭിച്ച നോട്ടീസ്. എന്നാല്‍ അദ്ദേഹം ഗാസിയാബാദില്‍ എത്തിച്ചേരില്ലെന്നാണ് വിവരം. അതേസമയം ട്വിറ്റര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

നേരത്തെ നോട്ടീസ് ലഭിച്ചത് പ്രകാരം വീഡിയോ കോള്‍ മുഖാന്തിരം ചോദ്യം ചെയ്യലില്‍ പങ്കെടുക്കാമെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗാസിയാബാദ് പോലീസ് ചൊവ്വാഴ്ച പുതിയ സമന്‍സ് അയച്ചു.

'നിങ്ങള്‍ നല്‍കിയ വിശദീകരണം അനുചിതമാണ്. ഇന്ത്യയിലെ ട്വിറ്ററിന്റെ എംഡി എന്ന നിലയില്‍ നിങ്ങള്‍ കമ്പനിയുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ സഹകരിക്കേണ്ടതുണ്ട്. നിങ്ങള്‍ ഇന്ത്യന്‍ നിയമത്തിന് വിധേയരാണ്' പോലീസ് അയച്ച നോട്ടീസ് പറഞ്ഞു.

മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ ലോണി പോലീസ് സ്‌റ്റേഷനില്‍ ട്വിറ്റര്‍ എംഡി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ലെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.

ഗാസിയാബാദില്‍ വയോധികനെ അക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെ പേരിലും ട്വിറ്ററിനെതിരേയും യുപി പോലീസ് കേസെടുത്തിരുന്നു. 

വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഇത് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. വയോധികനെ അക്രമിച്ച സംഭവത്തിന് പിന്നില്‍ സമുദായിക പ്രശ്‌നമാണെന്ന വീക്ഷണം പോലീസ് തള്ളി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ അക്രമത്തിനിരയായ ആളുടെ കുടുംബം പോലീസ് ആരോപണം തള്ളിയിട്ടുണ്ട്.