ന്യൂഡല്‍ഹി: ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരേ കേസ്. ബജ്‌രംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടിയുടെ പരാതിയില്‍ യുപി പോലീസാണ് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ച ഭൂപടം ട്വിറ്റര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനാണ് നടപടി. 

ട്വിറ്ററിന്റെ 'ട്വീപ് ലൈഫ്' വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ ഭൂപടം നല്‍കിയതില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ വിവാദ ഭൂപടം ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപി പോലീസിന്റെ നടപടി.

പുതിയ ഐടി നിയമം, ടൂള്‍കിറ്റ് വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് രൂക്ഷമായതിനിടെ ഈ മാസം ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 

ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനില്‍ ട്വിറ്റര്‍ ചൈനയുടെ ഭാഗമായി കാണിച്ചതില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പറിയിച്ച് ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിന്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

content highlights: Twitter India Chief Named In UP Police Case Over Incorrect Map Of India