ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ ട്വിറ്റര്‍ സി.ഇ.ഒയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകില്ല. ഇക്കാര്യം വിശദീകരിച്ച് ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡ്ഡേ ഐ.ടി. പാര്‍ലമെന്ററി കമ്മിറ്റിക്ക് കത്തയച്ചു. ഹാജരാകാന്‍ സാവകാശം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അധികൃതര്‍ കത്തയച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഐ.ടി. വകുപ്പിന് കീഴിലെ പാര്‍ലമെന്ററി കമ്മിറ്റി ട്വിറ്റര്‍ അധികൃതരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി. എം.പി. അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇക്കാര്യത്തില്‍ ട്വിറ്ററിന് നോട്ടീസ് അയക്കുകയും ചെയ്തു. കമ്പനിയുടെ തലവനോ അദ്ദേഹത്തോടൊപ്പം മറ്റൊരു പ്രതിനിധിയോ ഫെബ്രുവരി 11-ന് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. നേരത്തെ ഫെബ്രുവരി ഏഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ട്വിറ്റര്‍ അധികൃതരുടെ സൗകര്യത്തിനുവേണ്ടി ഫെബ്രുവരി 11-ലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഉള്ളടക്കവും അക്കൗണ്ടുകളും സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ ട്വിറ്റര്‍ ഇന്ത്യയില്‍ ആരുമില്ലെന്നാണ് വിജയ ഗഡ്ഡേയുടെ വിശദീകരണം. ഇക്കാരണത്താല്‍ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനെ കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാക്കിയിട്ട് പ്രയോജനമില്ലെന്നും ഇന്ത്യയില്‍ തീരുമാനങ്ങളെടുക്കാന്‍ തങ്ങള്‍ക്ക് ഉദ്യോഗസ്ഥരില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ട്വിറ്റര്‍ സി.ഇ.ഒ. ഹാജരാകില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ പാര്‍ലമെന്ററി കമ്മിറ്റിയുടെ അടുത്ത നടപടി എന്താണെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 

Content Highlights: twitter ceo and top officials decline to appear before parliamentary committee