ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റര്‍. കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പടെ അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 

എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ അജയ് മാക്കന്‍, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകള്‍ക്കെതിരേയാണ് നടപടി. സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. 

ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടാല്‍ ഇന്ത്യക്ക് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് തടയിടാന്‍ സാധ്യമാകുമെന്നാണ് മോദി കരുതുന്നതെന്ന് എഐസിസി സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രണവ് ജാ ട്വീറ്റ് ചെയ്തു. കാലാപാനി ജയിലിന് മുന്നില്‍ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നകാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകള്‍ക്കെതിരായ പോരാട്ടം തുടുമെന്നും പ്രണവ് ജാ ട്വിറ്ററില്‍ കുറിച്ചു. 

pranav jha

സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡൽഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ സ്വകാര്യത മാനിച്ചില്ലെന്ന് കാണിച്ച് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയത്. 

content highlights: twitter blocked congress partiy's twitter account