ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കം തുടരുന്നതിനിടെ ട്വിറ്റര്‍ ഇന്ത്യയിലെ പുതിയ റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി(പരാതി പരിഹാര ഉദ്യോഗസ്ഥന്‍) വിനയ് പ്രകാശിനെ നിയമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളുടെ ഭാഗമായിട്ടാണ് നിയമനം.

ഐടി ചട്ടത്തിലെ മറ്റൊരു ആവശ്യകതയായിരുന്ന ഇന്ത്യയിലെ ഉപയോക്താക്കളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ഒരു സുതാര്യത റിപ്പോര്‍ട്ടും ട്വിറ്റര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാന്‍ എട്ട് ആഴ്ചയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിയമനത്തിന് സര്‍ക്കാര്‍ സമയം നല്‍കിയിട്ടും നിയമങ്ങള്‍ പാലിക്കാത്ത നടപടിക്കെതിരെ ഹൈക്കോടതി ട്വിറ്ററിനെ വിമര്‍ശിച്ചിരുന്നു. എത്ര സമയമെടുക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചപ്പോല്‍ എട്ട് ആഴ്ചയെടുക്കുമെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയത്. ഇന്ത്യയില്‍ ലൈസന്‍സ് ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും അറിയിച്ചിരുന്നു.