ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ചെലവഴിച്ച 65 മണിക്കൂറിനുള്ളില്‍ 24 മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ നടന്ന ഇരുപത് കൂടിക്കാഴ്ചകളും വിമാനത്തില്‍ വെച്ചുനടന്ന നാല് നീണ്ട കൂടിക്കാഴ്ചകളും ഉള്‍പ്പടെ സന്ദര്‍ശനത്തിലുടനീളം 24 മീറ്റിംഗുകളാണ് പ്രധാനമന്ത്രി തൻറെ അമേരിക്കൻ പര്യടനത്തിനിടെ നടത്തിയത്.

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ലഭ്യമായ സമയം വളരെ ഫലപ്രദമായി ഉപയോഗിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തതായി സർക്കാർ വൃത്തങ്ങള്‍ പറയുന്നു. എല്ലാ സന്ദര്‍ശനങ്ങളും 'സുതാര്യവും ഉല്‍പാദനക്ഷമവും' ആയിരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് അനുസൃതമായായിരുന്നു ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 22ന് അമേരിക്കയിലേക്ക് പോകുമ്പോള്‍ വിദേശകാര്യ വിദഗ്ദരുമായി മോദി രണ്ട് കൂടിക്കാഴ്ചകള്‍ വിമാനത്തിനുള്ളില്‍വെച്ച് നടത്തിയിരുന്നു. അമേരിക്കന്‍ മണ്ണില്‍ ഇറങ്ങിയ ഉടന്‍ തന്നെ വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലില്‍ മൂന്ന് കൂടിക്കാഴ്ചകള്‍ നടന്നു.

തുടര്‍ന്ന് സെപ്റ്റംബര്‍ 23ന്, പ്രധാനമന്ത്രി ആഗോള കമ്പനികളുടെ സിഇഒമാരുമായി അഞ്ച് വ്യത്യസ്ത കൂടിക്കാഴ്ചകള്‍ നടത്തി. അതിനുശേഷം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴചകള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടീമിനൊപ്പം മൂന്ന് ആഭ്യന്തര കൂടിക്കാഴ്ചകളും നടത്തിയിരുന്നു.

സെപ്റ്റംബര്‍ 24ന്, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പായി  മോദി നാല് ആഭ്യന്തര കൂടിക്കാഴ്ചകള്‍ കൂടി നടത്തിയിരുന്നു. സെപ്റ്റംബര്‍ 25ന്, തിരികെ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ അമേരിക്കന്‍ പര്യടനം വിലയിരുത്തുന്നതിനായി തന്റെ ടീമിനൊപ്പം രണ്ട് നീണ്ട കൂടിക്കാഴ്ചകള്‍ കൂടി നടത്തി.

വരുംവര്‍ഷങ്ങളില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് തനിക്ക് ഉറപ്പുള്ളതായും വളരെ കാര്യക്ഷമമായ ഉഭയകക്ഷി, ബഹുരാഷ്ട്ര ചര്‍ച്ചകള്‍ നടത്താനായെന്നും അമേരിക്കയില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Twenty four meetings in 65 hours during american tour of Indian Prime Minister