ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ ഗവര്‍ണ്ണര്‍ക്കും ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിനും മന്ത്രിസഭയ്ക്ക് ഉള്ളില്‍ നിന്ന് തന്നെ പരാതി പോയ സംഭവത്തില്‍ കര്‍ണാടക ബി.ജെ.പിയില്‍ കലാപം. ബി.ജെ.പി മന്ത്രിസഭയിലെ ഗ്രാമ വികസന മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.എസ് ഈശ്വരപ്പയാണ് മുഖ്യമന്ത്രിയുടെ നടപടികള്‍ക്കെതിരെ പാര്‍ട്ടിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയത്.

തന്റെ വകുപ്പിലെ സാമ്പത്തിക കാര്യങ്ങളില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി ഇടപെടുന്നതും കോടിക്കണക്കിന് വരുന്ന ഗ്രാമീണ റോഡുകള്‍ക്കുള്ള ഫണ്ടുകള്‍ തന്നോട് ആലോചിക്കാതെ ചില മണ്ഡലങ്ങള്‍ക്ക് മാത്രമായി നല്‍കുന്നതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഈ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മാര്‍ച്ച് 31 ന് ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ ഈശ്വരപ്പ ആരോപിച്ചു.

തന്റെ വകുപ്പിന്റെ അനുമതി വാങ്ങാതെ യെദ്യൂരപ്പയുടെ ബന്ധുവായ ജി മാരിസ്വാമി തലവനായിട്ടുള്ള ബെംഗളൂരു നഗര ജില്ലാ പഞ്ചായത്തിന് റോഡ് വികസനത്തിന് 65 കോടി അനുവദിച്ച കാര്യം ഈശ്വരപ്പ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യഥാര്‍ഥത്തില്‍ അനുവദിക്കേണ്ട തുക 1.17 കോടിയായിരുന്നെന്നും കത്തില്‍ പറയുന്നു. 

നേരത്തെയും യെദ്യൂരപ്പയും ഈശ്വരപ്പയും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഇത്തരത്തില്‍ മറ്റ് വകുപ്പുകളില്‍ ഇടപെടുന്നത് വലിയ ഭരണപ്രതിസന്ധിക്ക് കാരണമാവുമെന്നും വിഷയം പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഈശ്വരപ്പ പറഞ്ഞു. ഗവര്‍ണര്‍ക്ക് കത്തെഴുതിയതിലും വിഷയം പുറത്തായതിലും ബി.ജെ.പി കേന്ദ്ര നേതൃത്വം അസ്വസഥരാണെന്നാണ് വിവരം.

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കന്മാരും പ്രവര്‍ത്തകരും മന്ത്രിയുടെ നടപടിയില്‍ അസ്വസ്ഥരാണ്. വിഷയത്തില്‍ നടപടി എടുക്കാനായി മുഖ്യമന്ത്രി മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും യോഗം വിളിച്ചതായും വിവരമുണ്ട്. എന്നാല്‍ താന്‍ അച്ചടക്കമൊന്നും ലംഘിച്ചിട്ടില്ലെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ച ചരിത്രമുള്ളത് മുഖ്യമന്ത്രിക്കാണെന്നും ഈശ്വരപ്പ പറഞ്ഞു. പിന്നാക്ക കൂട്ടായ്മയായ സങ്കോളി രായണ്ണ ബ്രിഗേഡ് വിഷയത്തിലും ഇരു നേതാക്കളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നിരുന്നു.

Content Highlights: Turmoil in Karnataka unit of BJP over minister’s complaint against BSY