വിജയ് കുമാർ | Photo: Twitter/ Aks
അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്റെ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ അനറ്റോലിയയിലെ മലട്യാ നഗരത്തില്‍ 24 നില ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹം കണ്ടെത്തിയത്. ഇടത് കൈയിലെ ടാറ്റൂ കണ്ടാണ് കുടുംബം വിജയ് കുമാറിനെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം 23-ന് തുര്‍ക്കിയിലെത്തിയ വിജയ് കുമാര്‍ ഈ ഹോട്ടലിലായിരുന്നു താമസിച്ചത്. വാതക പൈപ്പ് ലൈന്‍ ഇന്‍സ്റ്റലേഷന്‍ എന്‍ജിനീയറാണ് വിജയ് കുമാര്‍. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്‌സി പ്ലാന്റ്‌സ് ഇന്ത്യ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.
തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിന് പിന്നാലെ വിജയ് കുമാറുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഭൂകമ്പത്തില്‍ ഒരു ഇന്ത്യാക്കാരനെ കാണാനില്ലെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. പത്ത് പേര്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയതായും മന്ത്രാലയം അറിയിച്ചിരുന്നു.
വെള്ളിയാഴ്ചത്തെ തിരച്ചിലില്‍ വിജയ് കുമാറിന്റെ പാസ്‌പോര്‍ട്ടും ബാഗും കണ്ടെടുത്തിരുന്നു. എന്നാല്‍, ശനിയാഴ്ചത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള അധികൃതര്‍ അയച്ചുനല്‍കിയ ഫോട്ടോയിലെ ടാറ്റൂവില്‍ നിന്ന് സഹോദരനാണ് വിജയ് കുമാറിനെ തിരിച്ചറിഞ്ഞത്.
വിവാഹിതനായ വിജയ് കുമാറിന് രണ്ടു മക്കളുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നേരത്തെ മറ്റൊരു എന്‍ജിനീയറെയായിരുന്നു കമ്പനി തുര്‍ക്കിയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, വിജയ് അവസരം ചോദിച്ചുവാങ്ങുകയായിരുന്നു. ഉത്തരാഖണ്ഡില്‍ നിന്ന് ബെംഗളൂരുവില്‍ എത്തി പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ നിന്ന് ഇസ്താംബുള്‍ വഴിയായിരുന്നു തുര്‍ക്കിയില്‍ എത്തിയത്. ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു വിജയ് വാതക പൈപ്പ്‌ലൈന്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ ചെയ്തിരുന്നത്. അടുത്തയാഴ്ചയോടെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം.
Content Highlights: Turkey earthquake: Body of Indian man found under rubble; family identifies him with tattoo on left
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..