ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ മന്ദിരത്തിനുള്ളില്‍ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് വിവരം. 

1993-ല്‍ ഞാന്‍ എം.എല്‍.എ. ആയപ്പോള്‍ ഇങ്ങനൊരു തുരങ്കമുണ്ടെന്നും അത് ചെങ്കോട്ട വരെ നീളുന്നതാണെന്നും കേട്ടിരുന്നു. അതിന്റെ ചരിത്രത്തെ കുറിച്ച് ഞാന്‍ അന്വേഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വ്യക്തത ലഭിച്ചിരുന്നില്ല- ഗോയല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തുരങ്കമുഖം എവിടാണെന്ന് കണ്ടെത്താന്‍ സാധിച്ചു. പക്ഷെ ഞങ്ങള്‍ കൂടുതല്‍ കുഴിച്ചുനോക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളുടെയും ഓവുചാല്‍ നിര്‍മാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്- ഗോയല്‍ കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹി നിയമസഭാ മന്ദിരത്തിന്റെ ചരിത്രത്തെ കുറിച്ചും ഗോയല്‍ സംസാരിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912-ലാണ് കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. ശേഷം സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് 1926-ല്‍ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും ഗോയല്‍ പറഞ്ഞു. 

ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് നമുക്കെല്ലാം അറിവുണ്ട്. പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. ഞാന്‍ ആ മുറി തുറന്നുപരിശോധിക്കാന്‍ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്- ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭാ മന്ദിരത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി നിര്‍ണായകബന്ധമുണ്ട്. ഈ പശ്ചാത്തലത്തില്‍ കഴുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യദിനം മുതല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തേക്കുമെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. 

content highlights:tunnel like structure discovered at the delhi legislative assembly