ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ഇന്ത്യന്‍ സുരക്ഷാസേനയാണ് അതിര്‍ത്തിയിലെ ഹിരണ്‍നഗര്‍ സെക്ടറില്‍ ബുധനാഴ്ച തുരങ്കം കണ്ടെത്തിയത്. പാകിസ്താനില്‍നിന്ന് ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യം നിര്‍മിച്ചതാണ് തുരങ്കമെന്ന് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ തുരങ്കത്തിന് സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയത്. മൂന്ന് അടി വിസ്താരവും 25-30 അടി താഴ്ചയുമുള്ളതാണ് തുരങ്കം. ഇതിന് ഏകദേശം 150 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതിര്‍ത്തിയില്‍നിന്ന് 300 അടി അകലത്തിലാണ് തുരങ്കമുഖം കണ്ടെത്തിയത്. 65 അടി മാത്രമാണ് ഇന്ത്യയുടെ വശത്തെ വേലിയിലേയ്ക്കുള്ളത്. 

തീവ്രവാദികളെ അതിര്‍ത്തി കടത്തുന്നതിന് പാകിസ്താന്‍ സൈന്യം പ്രത്യേക നുഴഞ്ഞുകയറ്റ പാത നിര്‍മിക്കുന്നതായാണ് ഇപ്പള്‍ കണ്ടൈത്തിയ തുരങ്കത്തിന്റെ നിര്‍മാണരീതി സൂചിപ്പിക്കുന്നതെന്ന് അതിര്‍ത്തി രക്ഷാ സേന പറയുന്നു. ഇത് അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നതെന്നും അവര്‍ പറയുന്നു.

അതിര്‍ത്തിയില്‍ നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും അടുത്തിടെ കണ്ടെത്തിയ തുരങ്കങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ഭീകരവിരുദ്ധ വിഭാഗം പറയുന്നു. തുരങ്കം നിര്‍മിക്കുന്നതില്‍നിന്ന് ഇന്ത്യന്‍ ഭാഗത്തുള്ള സൈനികരുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇടയ്ക്കിടെ പാക് സൈന്യം വെടിയുതിര്‍ക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 930 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് 2020ല്‍ മാത്രം ഉണ്ടായതെന്നാണ് കണക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ 54 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇത് ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നതിനായി പാക് സൈന്യം നടത്തുന്നതാണെന്നാണ് സൂചന.

Content Highlights: tunnel detected along India-Pak boarder