അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പിന്തുടര്‍ന്നാക്രമിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. പതിനാലാം നൂറ്റാണ്ടിലെ ഡല്‍ഹി ഭരണാധികാരിയായിരുന്ന തുഗ്ലക്കും 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു. 

സ്വന്തം കറന്‍സികള്‍ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുല്‍ത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലര്‍ പഴയ കറന്‍സികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തില്‍ വരുത്തി. എന്നാല്‍ 700 വര്‍ഷം മുന്‍പ് ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന സുല്‍ത്താന്‍ പഴയ കറന്‍സി നിരോധിച്ചുകൊണ്ട്  സ്വന്തം കറന്‍സി പുറത്തിറക്കി. അതുകൊണ്ട് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്‍ഹ പരിഹസിച്ചു. 

അഹമ്മദാബാദില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'സേവ് ഡെമോക്രസി മൂവ്‌മെന്റ്' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിന്‍ഹ. പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്. 

നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നതെന്നാണ് കണക്കുകള്‍, എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ നേരത്തേയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങളുടെ ശക്തി മറുപടി പറയുമെന്ന് സിന്‍ഹ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Content Brief:  Yashwant Sinha's Dig at PM Narendra Modi, Note Ban, Demonetisation