ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വെല്ലുവിളിച്ച് ടി.ടി.വി. ദിനകരന്‍. എഐഎഡിഎംകെയില്‍ മുഖ്യമന്ത്രി പളനി സ്വാമിയെക്കാള്‍ പിന്തുണ തനിക്കുണ്ടെന്നു അതുകൊണ്ട് അദ്ദേഹത്തിന് പുറത്ത് പോകേണ്ടിവരുമെന്നുമാണ് ദിനകരന്റെ ഭീഷണി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികലയ്ക്കും ദിനകരനും 21 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. എന്നാല്‍, മുഖ്യമന്ത്രി വിഭാഗം സ്വാധീനിക്കാതിരിക്കാന്‍ ഇവരില്‍ 19 പേരെയും കഴിഞ്ഞ രണ്ടാഴ്ചയായി പുതുച്ചേരിയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.
തങ്ങൾക്കു വേണ്ടി പരസ്യമായി സജീവമാകാത്ത എംഎൽഎമാരും പളനിസ്വാമിക്കൊപ്പമുണ്ടെന്നും സമയം വരുമ്പോൾ അവർ തങ്ങളുടെ പാളയത്തില്‍ എത്തുമെന്നും ദിനകരൻ വെളിപ്പെടുത്തി. 'സ്ലീപ്പിംഗ് സെൽസ്' എന്നാണ് ഈ എംഎൽഎമാരെ ദിനകരൻ വിശേഷിപ്പിച്ചത്. പളനിസ്വാമിക്ക് സ്വയം പുറത്തുപോകാന്‍ സമയം അനുവദിക്കുകയാണെന്നും സര്‍ക്കാരിനെ താഴിയിറക്കാന്‍ ഒന്നും ചെയ്യില്ലെന്നും ദിനകരൻ പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല ജയിലില്‍ പോകുന്നതിനു മുമ്പാണ് ദിനകരനെ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരനായി നിയമിച്ചത്. വിഘടിച്ചു നിന്ന ഇപിഎസ്-ഒപിഎസ് വിഭാഗങ്ങള്‍ ഒന്നിച്ചതിനെ തുടര്‍ന്ന് ശശികലയേയും ദിനകരകനേയും പുറത്താക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
എന്നാല്‍, എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ ശശികലയ്ക്കു മാത്രമാണ് അവകാശമുള്ളതെന്നും മറ്റുള്ളവര്‍ വിളിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് ദിനകരന്റെ വാദം.