പ്രതീകാത്മ ചിത്രം Image credit: Facebook|The White House
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ഉപകരണങ്ങള്‍ വഹിച്ചുകൊണ്ട് അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറങ്ങിത്തുടങ്ങി.
തിങ്കളാഴ്ച അഹമ്മദാബാദില്‍ ഇറങ്ങിയ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ ട്രംപിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24നാണ് നമസ്‌തേ ട്രംപ് എന്ന് പേരിട്ടിരിക്കുന്ന റോഡ് ഷോ. 24 കിലോമീറ്റര്‍ വരുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കും.
അടുത്ത ദിവസങ്ങളിലും ട്രംപിനുള്ള സന്നാഹങ്ങളുമായി അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പറന്നിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിമാനങ്ങളില്‍ ട്രംപിന് സഞ്ചരിക്കാനുള്ള വാഹനങ്ങളും സുരക്ഷയൊരുക്കാനുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കുമെന്നാണ് സൂചന.
ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നാല് ചരക്ക് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിലൊന്നാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ എത്തിയത്. രണ്ട് ചരക്ക് വിമാനവും ഒരു പാസഞ്ചര്‍ വിമാനവും അഹമ്മദാബാദില്‍ ഫെബ്രുവരി 24ന് ട്രംപിന്റെ വിമാനത്തിനൊപ്പം ഇറങ്ങും.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. വിവിധ ഹോട്ടലുകള്‍ ക്യാംപ് ചെയ്ത് ഇവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിച്ചുവരികയാണ്.
അമേരിക്കന്‍ രഹസ്യവിഭാഗത്തിന്റെ നിയന്ത്രണത്തിലായിരിക്കും ട്രംപിന്റെ സന്ദര്‍ശനം. ഇന്ത്യന്‍ എന്‍എസ്ജി ട്രംപിനുള്ള രണ്ടാം നിര സുരക്ഷയുടെ ചുമതല വഹിക്കും.
അഹമ്മദാബാദില്‍ ട്രംപ് രണ്ടു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ചിലവഴിയ്ക്കുമെന്നാണ് കരുതുന്നത്. ശേഷം ട്രംപ് ഡല്‍ഹിയിലേക്ക് പോകും. ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യ മെലേനയും ട്രംപിനെ അനുഗമിക്കുന്നുണ്ട്.
Content Highlight: Trump Visit: 1st cargo plane lands in gujarat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..