വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെ പുകഴ്ത്തിയതിനെക്കുറിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. വാള്‍ സ്ട്രീറ്റ് ജേണലിലെ മൈക്കല്‍ ബെന്‍ഡറിന്റെ 'ഫ്രാങ്ക്‌ലി, വി ഡിഡ് വിന്‍ ദിസ് എലക്ഷന്‍' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 'ഹിറ്റ്‌ലര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു'വെന്ന് ട്രംപ് പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 2018ല്‍ യൂറോപ്പ് സന്ദര്‍ശിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം. 'ഹിറ്റ്ലര്‍ ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളതായി' സന്ദര്‍ശന സമയത്ത് കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജോണ്‍ കെല്ലിയോട് ട്രംപ് പറഞ്ഞുവെന്നാണ് മൈക്കല്‍ ബെന്‍ഡര്‍ പറയുന്നത്. വിരമിച്ച യുഎസ് മറൈന്‍ കോര്‍പ്‌സ് ജനറലായ കെല്ലി ഇതുകേട്ട് അമ്പരന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ഒന്നാം ലോക മഹായുദ്ധത്തില്‍ രാജ്യങ്ങള്‍ ആരുടെ കൂടെയായിരുന്നു എന്നതിനേക്കുറിച്ചും ഹിറ്റ്‌ലറുടെ അതിക്രമങ്ങളെക്കുറിച്ചും ട്രംപിനെ കെല്ലി ഓര്‍മ്മപ്പെടുത്തിയതായി പുസ്തകത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം ട്രംപുമായി അഭിമുഖം നടത്തിയ നിരവധി എഴുത്തുകാരില്‍ ഒരാളാണ് ബെന്‍ഡര്‍.

അതേസമയം, ഈ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ട്രംപിന്റെ വക്താവ് ലിസ് ഹാരിങ്ടണ്‍ രംഗത്തെത്തി. ട്രംപ് ഹിറ്റ്‌ലറെ പുകഴ്ത്തി പറഞ്ഞിട്ടില്ലെന്നും ഇത് തീര്‍ത്തും തെറ്റാണെന്നും ഹാരിങ് ടണ്‍ പറഞ്ഞു. 'ഇത് വ്യാജ വാര്‍ത്തയാണ്. കഴിവുകെട്ടവനും പുറത്താക്കപ്പെട്ടവനുമായ ഒരു ജനറല്‍ പുറത്തുവിട്ട വ്യാജ വാര്‍ത്ത', ഹാരിങ്ടണ്‍ പറഞ്ഞു.