ദെഹ്‌റാദൂണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വന്നതിനെ തുടര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ധീരമായ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപിനെയും തമ്മില്‍ നഡ്ഡ താരതമ്യം ചെയ്തത്. 

ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും അമേരിക്കയില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അതിവേഗം മുന്നോട്ടു നയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നാല് ദിവസത്തെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് നഡ്ഡ വെള്ളിയാഴ്ചയാണ് തുടക്കം കുറിച്ചത്. 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സന്ദര്‍ശനം. ബിജെപിയുടെ സംസ്ഥാന ഭാരവാഹികള്‍, എംഎല്‍എമാര്‍, ജില്ലാ, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

ഉത്തരാഖണ്ഡ് സന്ദര്‍ശനത്തോടെ 120 ദിവസം നീളുന്ന വന്‍ പര്യടനത്തിനാണ് നഡ്ഡ തുടക്കം കുറിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി ഭാരവാഹികളെയും എം.പിമാരെയും എംഎല്‍എമാരെയും ജില്ലാ - മണ്ഡലം ഭാരവാഹികളെയും അദ്ദേഹം കാണും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങല്‍ക്ക് സന്ദര്‍ശനത്തിനിടെ പ്രത്യേക പ്രാധാന്യം നല്‍കും. വിവിധ സംസ്ഥാനങ്ങളില്‍ അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്യും.

Content Highlights: Trump lost due to COVID mismanagement, but PM Modi took bold decisions - Nadda