ജെ.പി നഡ്ഡ | photo: PTI
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിയെ മികച്ചരീതിയില്‍ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി. നഡ്ഡ. മഹാമാരിയെ വേണ്ടവിധം കൈകാര്യം ചെയ്യാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ദർഭംഗയിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നഡ്ഡ.
അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ ട്രംപിന് സാധിച്ചില്ലെന്ന ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ ശരിയായ തീരുമാനങ്ങളെടുത്തുകൊണ്ട് മോദിജി രാജ്യത്തെ 130 കോടി ജനങ്ങളെ രക്ഷിച്ചു, നഡ്ഡ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും നഡ്ഡ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാനുള്ള ശ്രമത്തിൽ രാജ്യത്തിന്റെ ദേശീയ താത്പര്യത്തെയാണ് എതിർക്കുന്നതെന്ന് രാഹുൽ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസും സി.പി.ഐ (എംഎൽ) പാർട്ടിയുമായി കൈകോർത്തതിനേയും നഡ്ഡ വിമർശിച്ചു. കേവലം ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ മാത്രമുള്ള തിരഞ്ഞെടുപ്പല്ല ഇത്. ബിഹാറിന്റെ ഭാവിക്കായുള്ള തിരഞ്ഞെടുപ്പാണിതെന്നും നഡ്ഡ വ്യക്തമാക്കി.
നവംബർ ഏഴിനാണ് ബിഹാറിൽ 78 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
content highlights:'Trump couldn't handle Covid-19, Modiji saved India': Nadda in Bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..