ഹൂസ്റ്റൺ: രണ്ട് ലോക നേതാക്കള്‍ക്കൊപ്പം ഒരു സെല്‍ഫി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം നിന്ന് ഒരു സെല്‍ഫി എടുത്തതാകട്ടെ ഒരു കൊച്ചുപയ്യനും.

അമേരിക്കയില്‍ ഹൗഡി-മോദി പരിപാടിക്കിടെയായിരുന്നു യാദൃച്ഛികമായി ആ സെല്‍ഫി പിറന്നത്. ചുവപ്പ് പരവതാനിയിലൂടെ ഇരുവരും നടന്നുവരുമ്പോള്‍ ഒരു പയ്യന്‍ സെല്‍ഫിക്കായി അനുവാദം ചോദിക്കുകയും ഇരുവരും അതിനായി അവനൊപ്പം നിന്നുകൊടുക്കുകയും ചെയ്യുകയായിരുന്നു.

അപ്രതീക്ഷിതമായി കിട്ടിയ ആ സെല്‍ഫി ഭാഗ്യവാന്‍ ആരെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ജീവിതത്തിലെ ഏറ്റവും മികച്ച സെല്‍ഫിയാണ് അവന്‍ പകര്‍ത്തിയതെന്ന് ചിലര്‍ കമന്റ് ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് ആ സെല്‍ഫി സൂപ്പര്‍ഹിറ്റായി. സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്. ഒരു കുട്ടിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ലോകനേതാക്കള്‍ കാണിച്ച വിശാലമനസ്‌കതയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തിൽ ചര്‍ച്ചാവിഷയം. 

'ഹൗഡി മോദി'യില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തിയ കലാകാരികളേയും കലാകാരന്മാരേയും ഇരു നേതാക്കളും അഭിനന്ദിച്ച് നീങ്ങുന്ന വീഡിയോ ആണ് വൈറലായത്.  അതിനിടെ അറ്റത്ത് നില്‍ക്കുന്ന ആണ്‍കുട്ടിയെ ട്രംപ് അടുത്തേക്ക് വിളിക്കുന്നതു കാണാം. അവന്റെ കൈയില്‍ മൊബൈല്‍ ഫോണുണ്ട്. തുടര്‍ന്ന് മോദിയും ട്രംപും അവനൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്നു. 

ഏറെ ആനന്ദത്തോടെ ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സെല്‍ഫിയ്ക്ക് ശേഷം മോദി സ്നേഹപൂർവം കുട്ടിയുടെ തോളത്ത്  തട്ടുന്നുമുണ്ട്. ഹസ്തദാനം നല്‍കി ഇരുവരും നടന്നു നീങ്ങുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ട്വീറ്റ് ചെയ്ത വീഡിയോ ഏഴായിരത്തിലധികം പേര്‍ റീട്വീറ്റ് ചെയ്തു കഴിഞ്ഞു. 50,000 ത്തോളം അമേരിക്കന്‍ ഇന്ത്യക്കാര്‍ പങ്കെടുത്ത പരിപാടിയിലാണ് ഒരൊറ്റ സെല്‍ഫിയിലൂടെ പയ്യന്‍ താരമായത്.

 

Content Highlights: Trump and Modi pose for selfie with a kid at Howdy Modi