ബദ്രക്(ഒഡിഷ): കന്നുകാലികളെ കടത്തിക്കൊണ്ടുപോകുകയാണെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ട്രക്കിന് തീവച്ചു. മറ്റ് നാല് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഒഡീഷയിലെ അസുറാലിയിലാണ് സംഭവം.

ഏഴ് ട്രക്കുകളാണ് കന്നുകാലികളുമായി അസുറാലിക്ക് സമീപമുള്ള പന്ദാരബാട്ടിയയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് തിരിച്ചത്. വിവരമറിഞ്ഞ് ഒരു കൂട്ടം ആളുകള്‍ വാഹനങ്ങള്‍ തടയുകയും കന്നുകാലികളെ അതില്‍ നിന്ന് ഇറക്കുകയും ചെയ്തു. കന്നുകാലികളില്‍ നാലെണ്ണം ചത്തിരുന്നു. ഇതോടെ ആള്‍ക്കൂട്ടം പ്രകോപിതരാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഒരു ട്രക്കിന്‌ അവര്‍ തീവയ്ക്കുകയും നാലെണ്ണം അടിച്ചുതകര്‍ക്കുകയുമായിരുന്നു. കന്നുകാലികളെ കടത്തുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.  പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. 

നിയമംലംഘിച്ചുള്ള കന്നുകാലിക്കടത്ത് മേഖലയില്‍ സജീവമാണെന്ന് ഗ്രാമീണര്‍ ആരോപിക്കുന്നു. ഇതേച്ചൊല്ലി ഇവിടെ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്. 

content highlights: truck Set On Fire, Suspicion Of Cattle Theft, Mob Attack