ഭുവനേശ്വര്‍: വിവാഹഘോഷയാത്രയ്ക്ക് നേരേ ലോറി പാഞ്ഞുകയറി വരന്റെ അച്ഛനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. 

ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ദേശീയപാത 326-ല്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ദേശീയപാതയിലൂടെയാണ് വരനും സംഘവും കാല്‍നടയായി സഞ്ചരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി വിവാഹഘോഷയാത്രയ്ക്ക് നേരേ പാഞ്ഞുകയറുകയായിരുന്നു. 

ഇതിനിടെ, അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പോലീസിന് കൈമാറിയത്. 

Content Highlights: truck rams wedding group in odisha highway three died