സമ്പല്‍പുര്‍: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ  ഉയര്‍ത്തിയതോടെ രാജ്യത്ത് പലയിടത്തും ഉയര്‍ന്ന പിഴത്തുക ഈടാക്കുന്നതായുള്ള വാര്‍ത്തകള്‍ ദിവസവും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഒഡിഷയില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ചുമത്തിയ പിഴ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ആറര ലക്ഷം രൂപയാണ് ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴയായി ചുമത്തിയിരിക്കുന്നത്.

നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കിന് ഒഡീഷയിലെ സമ്പല്‍പുരില്‍ വെച്ചാണ് പിഴ ചുമത്തിയത്. സമ്പല്‍പുര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ആണ് പിഴയിട്ടിരിക്കുന്നത്. നാഗാലാന്‍ഡ് സ്വദേശിയായ ശൈലേഷ് ശങ്കര്‍ലാല്‍ എന്നയാളുടെ പേരിലാണ് ട്രക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാര്‍സുഗഡ സ്വദേശിയായ ദിലീപ് കര്‍ത്ത എന്നയാളായിരുന്നു ഡ്രൈവര്‍. 

വിവിധ തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രക്കിന് ഈ തുക പിഴചുമത്തിയത്. നികുതി, ഇന്‍ഷുറന്‍സ്, മലിനീകരണം, അമിതമായി ആളുകളെ കയറ്റല്‍ തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ക്ക് ഒരുമിച്ചാണ് 6.53 ലക്ഷം പിഴ നല്‍കിയിരിക്കുന്നത്. 

സെപ്റ്റംബര്‍ ഒന്നു മുതലാണ് പുതിയ നിരക്കിലുള്ള പിഴ ചുമത്തിത്തുടങ്ങിയത്. എന്നാല്‍ ഇവിടെ സംഭവം നടന്നത് ആഗസ്റ്റ് പത്തിനാണ്. അതായത്, പഴയ നിയമപ്രകാരമാണ് ഈ തുക പിഴയായി ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Truck owner fined Rs 6.53 lakh for violating traffic rules in Odisha