മമതയും ചന്ദ്രശേഖർ റാവുവും (ഫയൽ ചിത്രം) | Photo: twitter.com/trspartyonline
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്.എസ്. വ്യക്തമാക്കി. കോണ്‍ഗ്രസുമായി വേദിപങ്കിടുന്നതിനും സഖ്യത്തിലേർപ്പെടുന്നതിനും താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പിന്മാറ്റം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് മമത യോഗം വിളിച്ചത്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കേടുക്കില്ല.
ബിജെപിക്ക് എതിരെയുള്ള സഖ്യത്തില്‍ മമതയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മുന്‍പ് ടിആര്‍എസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചതിലെ പ്രതിഷേധം അറിയിച്ചാണ് ടി.ആര്‍എസ് യോഗം ബഹിഷ്കരിക്കുന്നത്. പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്നാണ് കോണ്‍ഗ്രസിനെ ക്ഷണിച്ചത്. അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്.എസിനെ പ്രകോപിപ്പിച്ചത്.
ഒരാളെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും അതിന് ശേഷം ഇക്കാര്യം അറിയിക്കുമ്പോള്‍ ആ വ്യക്തി പിന്മാറുകയും ചെയ്യുന്നു. അതിന് ശേഷം യോഗംചേരുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ടിആര്‍എസ് ചോദിക്കുന്നു. യോഗംചേര്‍ന്ന് എല്ലാ കക്ഷികളുമായും അഭിപ്രായം സമന്വയം ഉണ്ടായശേഷമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കേണ്ടിയിരുന്നതെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന ശരദ് പവാര്‍, താന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
സീതാറാം യെച്ചൂരി, ഡി. രാജ, പ്രഫുല്‍ പട്ടേല്‍, പി.സി ചാക്കോ തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പവാര്‍ അറിയിച്ചത്. ആരോഗ്യകാരണങ്ങള്‍ ഉന്നയിച്ചായിരുന്നു പവാറിന്റെ പിന്മാറ്റം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ 20-ന് പ്രഖ്യാപിക്കുമെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതൃത്വം തൃണമൂല്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായല്ല മമത ഇത്തരമൊരു യോഗം വിളിച്ചതെന്ന് മമതയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ച ശേഷമാണ് ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു കക്ഷി നേതൃത്വം ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെന്നും ചില കക്ഷികള്‍ അറിയിച്ചിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചതിലെ വിയോജിപ്പ് കാരണം ടി.ആര്.എസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. 2017-ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്കിയ കക്ഷിയാണ് ടി.ആര്.എസ്.
രാഷ്ട്രപതി സ്ഥാനാര്‍ഥി നിർണയം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചര്‍ച്ചകള്‍ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മമത യോഗം വിളിച്ചതോടെ പ്രതിപക്ഷ ഐക്യം സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസിനേയും മമത ക്ഷണിക്കുകയും ഇതില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയുമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കും.
ബിജെപി ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ബംഗാളില്‍ ഹാട്രിക് ജയം നേടിയതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള മോഹം മമത പരസ്യമാക്കിയിരുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മമത കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പിന്നീട് തൃണമൂല്‍ മുഖപത്രത്തില്‍ കോണ്‍ഗ്രസിന് എതിരെ ലേഖനം പ്രസിദ്ധീകരിക്കുകയും വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നിഷ്ക്രിയമാണെന്നും പ്രതിപക്ഷ ഐക്യത്തിനായി രാജ്യം മമതയിലേക്ക് ഉറ്റുനോക്കുന്നുവെന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡി.എം.കെ, ജനതാദള്‍, ആര്‍എല്‍ഡി, ജമ്മുകശ്മീരിലെ നാഷണല്‍ കണ്‍ഫറന്‍സ്, പി.ഡിപി തുടങ്ങിയ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും. എന്‍ഡിഎ മുന്‍ സഖ്യകക്ഷിയായ അകാലിദളിന് മമത കത്തയച്ചുവെങ്കിലും അവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..