ന്യൂഡല്‍ഹി: ടി.ആര്‍.എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 60.35 കോടി രൂപ കണക്കില്‍ പെടാത്തത്. ഇക്കാര്യം സ്ഥാപനം തന്നെയാണ് വെളിപ്പെടുത്തിയത്. സെപ്തംബറില്‍ നാലു ദിവസങ്ങളിലായി രാഘവ കണ്‍സ്ട്രക്ഷന്‍സില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്.

കമ്പനിയുടെ മാനേജിങ് പാര്‍ട്ണറായ പ്രസാദ് റെഡ്ഡി ആദായനികുതി വകുപ്പിന് നല്‍കിയ മൊഴിയിലാണ് പിടിച്ചെടുത്തത് കണക്കില്‍ പെടാത്ത പണമാണെന്ന് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു പദ്ധതികളുടെ നിര്‍മാണ കരാറുകളും ഈ സ്ഥാപനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിരുന്നു.

രാഘവ കണ്‍സ്ട്രക്ഷന്‍സിന്റെ ഹൈദരാബാദ്, ഖമ്മം, ഗുണ്ടൂര്‍, വിജയവാഡ, ഓങ്കോള്‍, കഡപ്പ എന്നിവടങ്ങളിലെ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. 

പരിശോധനയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. കൃത്യമായ കണക്കല്ല ഇപ്പോള്‍ ഉള്ളതെന്നും തുക ഇനിയും വര്‍ധിക്കാമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു. 

2014 ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ശ്രീനിവാസ റെഡ്ഡി ടിആര്‍എസിലേക്ക് കൂറുമാറിയിരുന്നു. സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് നടത്തിയ വിവിധ റെയ്ഡുകളിലാണ് കള്ളപ്പണം പിടികൂടിയത്. 

ഡിസംബര്‍ ഏഴിന് നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച ഏഴരക്കോടി രൂപ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു.