
ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളെ മുംബൈയിലെ കോടതിയിൽ ഹാജരാക്കാനായി എത്തിക്കുന്നു | ഫോട്ടോ: പി.ടി.ഐ (ഫയൽ ചിത്രം)
മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ (ടിആര്‍പി) കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി തിങ്കളാഴ്ച മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കേസിലെ മുഖ്യപ്രതികളിലൊരാളായ വിനയ് ത്രിപാഠിയെയാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യം അറസ്റ്റിലായ ഇരുപത്തിയൊന്നുകാരന് വിശാല്‍ ഭണ്ഡാരിയ്ക്ക് പണം നല്‍കിയത് വിനയ് ത്രിപാഠിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഹന്‍സ ഏജന്‍സിയിലെ മുന്‍ ജീവനക്കാരനാണ് വിനയ് ത്രിപാഠി. കേസുമായി ബന്ധപ്പെട്ട് ഏജന്‍സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പോലീസ് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിനു വേണ്ടി പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ടെലിവിഷന്‍ ചാനലുകളുടെ ടിആര്‍പി കണക്കാക്കുന്നത് ഹന്‍സയാണ്. ഹന്‍സയില്‍ നാല് വര്‍ഷത്തോളം റിലേഷന്‍ഷിപ്പ് മാനേജരായി വിനയ് ത്രിപാഠി പ്രവര്‍ത്തിച്ചിരുന്നു.
വിശാല്‍ ഭണ്ഡാരിയുടെ അറസ്റ്റ് വിവരം അറിഞ്ഞയുടനെ വിനയ് ത്രിപാഠി ഉത്തര്‍പ്രദേശിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അറിയിച്ചു. കേസില്‍ അറസ്റ്റ് ചെയ്ത മറ്റ് നാല് പേരുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ജൂണില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഒരു വാര്‍ത്താചാനല്‍ കുറഞ്ഞത് അഞ്ച് വീടുകളെങ്കിലും ദിവസേന രണ്ടു മണിക്കൂര്‍ നേരം കാണുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിനയ് ത്രിപാഠി വിശാല്‍ ഭണ്ഡാരിയോട് ആവശ്യപ്പെട്ടതായി ഹന്‍സ കണ്ടെത്തിയിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഓരോ വീടുകള്‍ക്കും 200 രൂപ വീതം കമ്മിഷന് ഇനത്തില്‍ നല്‍കാനായി വിശാല്‍ ഭണ്ഡാരിയ്ക്ക് വിനയ് ത്രിപാഠി നല്‍കിയിരുന്നു. ഇതിനായി വിശാലിന് 5,000 രൂപയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. അറസ്റ്റിന് ശേഷം വിശാലിന്റെ വീട്ടില്‍ നിന്ന് രണ്ട് ടിവി ബാരോമീറ്ററുകള് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. വിനയ് ത്രിപാഠിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തതവരുമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് അറിയിച്ചു.
റിപ്പബ്ലിക് ചാനല്‍ കൂടാതെ പ്രതിപ്പട്ടികയിലുള്ള ഫക്ത് മറാത്തി, ബോക്സ് സിനിമാസ് എന്നീ ചാനലുകളുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പണമിടപാടുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ടിആര്‍പിയുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിന് റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചുവരികയാണെന്നും സംഘം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അന്വേഷണത്തിനായി മുംബൈ പോലീസ്, ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന്റെ (ഇഒഡബ്ല്യു) സഹായം തേടിയിട്ടുണ്ട്.
Content Highlights: TRP ‘scam’ one more accused arrested from Uttar Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..