ന്യൂഡൽഹി: ചില ചാനലുകളുടെ ടിആര്‍പിയില്‍( ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്) കൃത്രിമം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിഷയം അടുത്തയാഴ്ച ചര്‍ച്ചയ്‌ക്കെടുക്കാന്‍ പാര്‍ലമെന്ററി വിവര സാങ്കതിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു. മാധ്യമ ധാര്‍മികത, വാര്‍ത്താ കവറേജ്, ടിആര്‍പി അഴിമതി വിഷയം എന്നിവ പ്രത്യേകമായി ചര്‍ച്ചയ്ക്കു വെക്കും. 

ഇക്കാര്യം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിയും പാനല്‍ അംഗവുമായ കാര്‍ത്തി ചിദംബരം ശശി തരൂരിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തീരുമാനം . വിഷയത്തില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഉദ്യോഗസ്ഥരോട് സമിതി വിശദീകരണവും പരിഹാര നടപടികളും തേടണമെന്നും കാര്‍ത്തി ചിദംബരം തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പരസ്യച്ചെലവ് ടിആര്‍പി സംവിധാനത്തെ ആശ്രയിച്ചാണുള്ളതാണെന്നും പൊതുധനം ചെലവഴിക്കുന്നത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകരുതെന്നും കാര്‍ത്തി ചിദംബരം പറഞ്ഞിരുന്നു.

"തെറ്റായതോ കൃത്രിമത്വമുള്ളതോ ആയ ടിആര്‍പിയുടെ അടിസ്ഥാനത്തിലാവരുത് പരസ്യത്തിനായി സര്‍ക്കാര്‍ പണം ചെലവഴിക്കേണ്ടത്.  ടിവി ചാനലുകളുടെയും മറ്റും മൂല്യം ടിആര്‍പിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ മൂല്യനിര്‍ണയം ഇപ്പോള്‍ സംശയാസ്പദമാണ്,' കാര്‍ത്തി പറഞ്ഞു.

മാധ്യമ കവറേജിലെ നൈതിക മാനദണ്ഡങ്ങള്‍ വിശദീകരിക്കാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രസാര്‍ ഭാരതി എന്നിവരോട് ഐടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെിട്ടുണ്ട്.

ഒക്ടോബര്‍ 15, 16 തീയതികളില്‍ സമിതി യോഗം ചേരും. വ്യാഴാഴ്ച പാര്‍ലമെന്ററി പാനല്‍ 'മാധ്യമങ്ങളിലെ ധാര്‍മ്മിക നിലവാരം' എന്ന വിഷയം ചര്‍ച്ചക്കെടുക്കും.

റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ മൂന്ന് ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്ന് മുംബൈ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

content highlights: TRP scam issues to be examined by Parliamentary panel headed by Tharoor