മുംബൈ: മുംബൈ ടി.ആര്‍.പി. തട്ടിപ്പുകേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബാര്‍ക്ക് മുന്‍ സി.ഇ.ഒ. പാര്‍ഥോദാസ് ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ ജെ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ഥോദാസ് ഗുപ്തയും ടി.ആര്‍.പി. തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയായ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും തമ്മില്‍ നടത്തിയതായി പറയുന്ന വാട്സാപ്പ് ആശയവിനിമയത്തിന്റെ രേഖകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടി.ആര്‍.പി. തട്ടിപ്പുകേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വി.യും നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തട്ടിപ്പില്‍ അര്‍ണബിന് പങ്കുണ്ടെന്നതിന്റെ സൂചന നല്‍കുന്ന വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നത്.
Content Highlights: TRP scam: Ex-CEO of BARC Partho Dasgupta hospitalised