അഗര്‍ത്തല: പശ്ചിമേഷ്യയിലേക്കുള്ള കൈതച്ചക്ക, നാരങ്ങ കൈയറ്റുമതി വിജയകമായതിന് പിന്നാലെ, ബ്രിട്ടനിലേക്ക് ചക്ക കയറ്റി അയക്കുമെന്ന് ത്രിപുര ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ഫാനി ഭൂസന്‍ ജമാതിയ. ഇതിന്റെ ആദ്യ പടിയായി പരീക്ഷണാർഥം 350 ചക്കകളുടെ ലോഡ് വ്യാഴാഴ്ച അഗര്‍ത്തലയില്‍ നിന്ന് അയച്ചുവെന്നും ജമാതിയ പറഞ്ഞു. 

ത്രിപുര ആദ്യമായാണ് ചക്ക കയറ്റുമതി ചെയ്യുന്നതെന്നും ഇതിന് വലിയ സാധ്യതകളുണ്ടെന്നും സംസ്ഥാന കൃഷി മന്ത്രി പ്രണജിത് സിന്‍ഹ റോയ് പറഞ്ഞു. " ആദ്യ ലോഡ് ഇതിനകം അയച്ചു. കൈതച്ചക്കക്ക് ശേഷം ഇപ്പോള്‍ ചക്കയും കയറ്റുമതി പട്ടികയില്‍ ഇടംപിടിച്ചു. കര്‍ഷകര്‍, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍." - പ്രണജിത് സിന്‍ഹ റോയ് ട്വീറ്റ് ചെയ്തു.

ഗുവാഹാത്തി ആസ്ഥാനമായുള്ള ഒരു കയറ്റുമതി കമ്പനിക്ക് വിദേശ വ്യാപാരത്തിനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്. ചക്ക ഒരെണ്ണത്തിന് 30 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആദ്യത്തെ ലോഡ് ഗുവാഹത്തിയിലേക്ക് അയച്ചുവെന്നും ഇത് പിന്നീട് ഡല്‍ഹി വഴി ബ്രിട്ടണിലേക്ക് കയറ്റുമതി ചെയ്യുമെന്നും ജമാതിയ കൂട്ടിച്ചേര്‍ത്തു. ട്രയല്‍ റണ്‍ വിജയകരമാണെങ്കില്‍, ഗുവാഹത്തി ആസ്ഥാനമായുള്ള കയറ്റുമതി കമ്പനി ആഴ്ചയില്‍ അഞ്ച് ടണ്‍ ചക്ക ത്രിപുരയില്‍ നിന്ന് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമാതിയ പറഞ്ഞു.

Content Highlights: Tripura set to export jackfruit to UK