ന്യൂഡല്‍ഹി: ത്രിപുരയില്‍ പുരോഗമിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ട് കമ്പനി കേന്ദ്ര സേനയെ അടിയന്തിരമായി വിന്യസിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 770 പോളിങ് ബൂത്തുകളിലും ആവശ്യത്തിന് കേന്ദ്ര സേനയുടെ സേവനം ഉണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയിയില്‍ രണ്ട് കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ ദിവസം വ്യന്യസിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിന് പുറമെയാണ് രണ്ട് കമ്പനി കേന്ദ്ര സേനയെ കൂടി വ്യന്യസിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. 

പോളിങ് തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായാല്‍ കേന്ദ്ര സേന അംഗങ്ങളുടെ സേവനം പോളിങ് ഉദ്യോഗസ്ഥര്‍ തേടണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. പോളിങ് ബൂത്തുകളില്‍ സിസിടിവികള്‍ ഇല്ലാത്തതിനാല്‍ പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

വ്യാഴാഴ്ച രാവിലെ ആരംഭിച്ച മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ വ്യാപകമായി വോട്ട് ചെയ്യുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. വോട്ടിങ്ങിന് ഇടയില്‍ നടക്കുന്ന അക്രമങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ത്രിപുരയില്‍ വ്യാപകമായി തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായതായി സിപിഎമ്മിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിവി സുരേന്ദ്രനാഥ് കോടതിയെ അറിയിച്ചു. വോട്ടെണ്ണല്‍ വരെ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകരായ കെ.ആര്‍. സുബാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവരും സിപിഎമ്മിന് വേണ്ടി ഹാജരായി.

content highlights: tripura municipal poll, supreme court orders deployment of more troops