ന്യൂഡല്‍ഹി: അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെ ത്രിപുരയിലെ വിവധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റം. ഭൂരിഭാഗം ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. വോട്ടണ്ണല്‍ പുരോഗമിക്കുന്ന പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്.

സംസ്ഥാനത്ത് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നിര്‍ണായകമായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നത്. ആകെയുള്ള 334 സീറ്റില്‍ 112 ഇടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ബാക്കി തിരഞ്ഞെടുപ്പ് നടക്കുന്ന മിക്കവാറും സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നതായാണ് വിവരം. വന്‍ മുന്നേറ്റത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാഗ്രഹിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് തീര്‍ത്തും നിരാശ പകരുന്ന ഫലമാണ് ആദ്യഘട്ടത്തില്‍ വരുന്നത്‌.

സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ്‌ വോട്ടെണ്ണല്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. 2018ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്.

Content Highlights: Tripura Municipal Election Results 2021 : BJP Takes Massive Lead