അഗര്‍ത്തല: കര്‍ഫ്യൂ ലംഘനം നടത്തിയെന്നാരോപിച്ച് വിവാഹവേദിയിലെത്തി സിനിമാസ്റ്റൈലില്‍ വിരട്ടൽ നടത്തി സാമൂഹിക മാധ്യമങ്ങളിൽ താരമായ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. തനിക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റ് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ശൈലേഷ് കുമാറിന്റെ അപേക്ഷ സ്വീകരിച്ച ചീഫ് സെക്രട്ടറി ഉടന്‍ ചുമതലയില്‍ നിന്ന് വിടുതല്‍ നല്‍കുകയായിരുന്നു. റാവെല്‍ ഹമേന്ദ്ര കുമാരിനെയാണ് പകരം നിയമിച്ചിരിക്കുന്നത്.

ഏപ്രില്‍ 26-നാണ് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ മജിസ്‌ട്രേറ്റ് വിവാഹം തടഞ്ഞത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ത്രിപുരയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ലംഘിച്ചുകൊണ്ടാണ് വിവാഹം എന്നാരോപിച്ചായിരുന്നു നടപടി. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 

വീഡിയോ വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരി. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രണ്ടു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണകമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ കമ്മിറ്റി ചീഫ് സെക്രട്ടറിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. 

ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ ഇരച്ചുകയറ്റവും അക്രമവും ഉണ്ടായത്. രാത്രി നടന്ന വിവാഹ ചടങ്ങിലേക്ക് കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് കളക്ടര്‍ റെയ്ഡ് നടത്തുകയായിരുന്നു. വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഇതിനിടെ വിവാഹത്തിന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കള്‍ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കളക്ടര്‍ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. തുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാഹത്തിന് വാങ്ങിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുപ്പതോളം ആളുകളേയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു. 

എന്നാല്‍ താന്‍ ക്രമസമാധാന പരിപാലനമാണ് നടത്തിയതെന്ന് ശൈലേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'കോവിഡ് വ്യാപനം തടയുക, ക്രമസമാധാനം പരിപാലിക്കുക ഇതുരണ്ടും എന്റെ കര്‍ത്തവ്യങ്ങളാണ് അതു നിറവേറ്റാനാണ് ശ്രമിച്ചത്.' ശൈലേഷ് പറഞ്ഞു.