അഗര്‍ത്തല:  ബി ജെ പി- സി പി എം മത്സരത്തെ തുടര്‍ന്ന് ദേശീയശ്രദ്ധ ആകര്‍ഷിച്ച ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിച്ചത്. സമാധാന പൂര്‍ണമായാണ് പോളിങ് പുരോഗമിക്കുന്നത്. ഉച്ചയോടെ 35 ശതമാനം മുതല്‍ നാല്‍പ്പത് ശതമാനം വരെ പോളിങ് പൂര്‍ത്തിയായി.

സമതലത്തിലെയും കുന്നിന്‍ പ്രദേശങ്ങളിലെയും പല വോട്ടിങ് കേന്ദ്രങ്ങള്‍ക്കു മുന്നിലും ഇപ്പോഴും നീണ്ട വരികള്‍ കാണാമെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിസിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ലെ തിരഞ്ഞെടുപ്പില്‍ 92 ശതമാനവും 2008 ല്‍ 91 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ 3174 പോളിങ് കേന്ദ്രങ്ങളിലും വി വി പാറ്റ് ഘടിപ്പിച്ച സ്‌പെഷലി മോഡിഫൈഡ് ഇലക്ട്രോണിക് യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.

ആകെ 307 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 60 നിയമസഭാ സീറ്റുകളില്‍ 59 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന ഒരിടത്തെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12 നാണ് നടത്തുക.

സി പി എം 57 സീറ്റിലും ബി ജെ പി 51 സീറ്റിലും മത്സരിക്കുന്നുണ്ട്. ബി ജെ പിയുടെ സഖ്യകക്ഷിയായ ഐ പി എഫ് ടി ഒമ്പത് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 59 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് വോട്ട് എണ്ണല്‍.

content highlights: tripura election 2018