ജെ.പി. നദ്ദയ്ക്കും മണിക് സാഹയ്ക്കുമൊപ്പം ത്രിപുര സുന്ദരി ക്ഷേത്രം സന്ദർശിക്കുന്ന അമിത് ഷാ, ബി.ജെ.പി. നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം പുറത്തേക്ക് വരുന്ന പ്രദ്യോത് ദേബ് ബർമ | Photo: ANI
അഗര്‍ത്തല: ഗോത്രവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കായി ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് തിപ്ര മോത്ത തലവനും ത്രിപുര രാജകുടുംബാഗംവുമായ പ്രദ്യോത് ദേബ് ബര്‍മ്മ. ഇതിനായി ഒരു ഇടനിലക്കാരനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഇത് നിശ്ചിത സമയത്തിനുള്ളില്‍ ഉണ്ടാകുമെന്നും പ്രദ്യോത് ട്വീറ്റ് ചെയ്തു. അഗര്‍ത്തലയില്‍ അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രദ്യോതിന്റെ പ്രതികരണം.
'മണ്ണിന്റെ മക്കളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായ ആഭ്യന്തരമന്ത്രിക്ക് നന്ദി പറയുന്നു. ഞങ്ങളുടെ നിലനില്‍പ്പും അതിജീവനവും സംരക്ഷിക്കാനുള്ള ബൃഹത്തായ സംഭാഷണങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മന്ത്രിസഭാ പ്രവേശമോ സഖ്യമോ ചര്‍ച്ചയായില്ല. ത്രിപുരയുടെ അഭിവൃദ്ധിക്കായാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ ഉണ്ടാകും. ഗോത്ര വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാപരമായ പരിഹാരമാണ് ആവശ്യം', പ്രദ്യോത് വ്യക്തമാക്കി.
തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിറകോട്ടു പോയിട്ടില്ലെന്നും കാത്തിരുന്ന് കാണൂവെന്നും പ്രദ്യോത് ചര്‍ച്ചയ്ക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പും അമിത് ഷായുമായി പ്രദ്യോത് ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള ഉറപ്പ് എഴുതി നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന് തിപ്ര മോത്ത പ്രഖ്യാപിച്ചത്.
ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പുറമേ മുഖ്യമന്ത്രി മണിക് സാഹ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സാംബിത് പത്ര എന്നിവര്‍ പങ്കെടുത്തിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ഒന്നിച്ച് നിന്ന് പരിഹാരം കാണുമെന്നും ത്രിപുരയുടെ വികസനത്തിനുവേണ്ടി പ്രയത്‌നിക്കുമെന്നും സാംബിത് പത്ര പ്രതികരിച്ചു.
Content Highlights: tripura assembly polls tipra motha pradyot deb barma after discussion with amit shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..